Saturday, December 20, 2014

മറവി..!


ലോകം നന്നാക്കാനായി ജീവിതം ചിലവഴിക്കുന്നു ചിലർ , തന്റെ നാടെങ്കിലും നന്നാക്കിയിട്ടേ അടങ്ങൂ എന്ന് മറ്റു ചിലർ.  ചിലരാ‍കട്ടെ തന്റെ  ഗ്രാമമെങ്കിലും നന്നാക്കണമെന്ന വാശിയിൽ. കുടുംബത്തെ മൊത്തം നല്ലവരാക്കാനുള്ള പരിശ്രമത്തിൽ വേറേ ചിലർ..പക്ഷെ ഓട്ടത്തിനിടയിൽ സ്വയം നന്നാ‍വാൻ / നന്നാക്കാൻ മറന്നവരാണധികവും അതാണത്രെ..ലോകം മൊത്തം നന്നാകാതെ പോകുന്നതിന്റെ പൊരുൾ..


ഇടയ്ക്കൊന്നു കണ്ണാടി നോക്കാം നമുക്ക്..!

Wednesday, December 3, 2014

സ്നേഹവും കോപവും ..!സ്നേഹമുള്ളിടത്ത് കോപമുണ്ടാവുമെന്ന് പറയാറുണ്ട്.. പക്ഷെ കോപമുണ്ടാവുമ്പോൾ സ്നേഹം കൂടൊഴിന്നു..!


നമ്മോട് ആരെങ്കിലും കോപിച്ചാൽ നമുക്കുണ്ടാവുന്ന മാനസിക വ്യഥകളെ പറ്റി ചിന്തിക്കുന്നവർക്ക് മറ്റുള്ളവരോട് അനാവശ്യമായി കോപിക്കാനാവില്ല..! 

Thursday, November 20, 2014

പരാതി ..!

പബ്ലിക് ടെലഫോൺ ബൂത്തിനരികിൽ ഒറ്റ ദിർഹത്തിന്റെ കോയിനുകളുമായി മണിക്കൂറുകളോളം ക്യൂ നിന്നവർക്ക് അന്ന് ലൈൻ കിട്ടാത്ത പരാതി..! ഇന്ന് ബെഡിൽ ചാരികിടന്ന് സ്മാർട്ട് ഫോണിൽ മണികൂറുകളോളം ചാറ്റുമ്പോൾ വോയ്പ് കോളിനു ചാർജ് കൂട്ടിയെന്ന പരാതി ..!

Saturday, November 15, 2014

വൈഫൈ / വൈഫ്വൈഫ് കൂടെയില്ലാത്ത പ്രവാസി മലയാളികൾ ഗൾഫിൽ അന്നും ഇന്നും ധാരാളം..! വൈഫില്ലെങ്കിലും സാരമില്ല വൈഫൈ ഇല്ലെങ്കിൽ എങ്ങിനെ ജീവിക്കുമെന്നാശങ്കപ്പെടുന്നവർ അന്നില്ല പക്ഷെ ഇന്ന് ധാരാളം. !   

Saturday, November 1, 2014

പ്രതീകാത്മക ആഭാസങ്ങൾ

പണ്ട് അഥവാ നാട്ടിൻ പുറങ്ങളിൽ അറ്റാച്ച്ഡും അലാത്തതുമായ കക്കൂസുകൾ ഇല്ലാതിരുന്ന കാലത്ത് തെങ്ങിന്റെയും കവുങ്ങിന്റെയും വാഴയുടെയും എല്ലാം മറ ആൺ പെൺ വിത്യാസമില്ലാതെ പ്രാഥമിക കർമ്മങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്ത് ..മതിലുകളും വേലികളുമില്ലാതെ പറമ്പുകളിലൂടെ ജനങ്ങൾ വഴി നടന്നിരുന്ന കാലത്ത്.. എന്തോ ചവച്ച് തിന്നു കൊണ്ടൊരാൾ രണ്ടാം പരിപാടി നടത്തി കൊണ്ടിരിക്കുന്ന കാഴ്ച കാണാനിടയായ ഒരാൾ ചോദിച്ചുവത്രെ .’തൂറുമ്പോഴാണോ തിന്നുന്നതെന്ന്‘ !! ..നമ്മുടെ കഥാനായകൻ ആ ചോദ്യത്തിലെ ‘പുഞ്ഞം’ അത്ര പിടിച്ചില്ല. ഉടനെ തന്നെ പ്രതികരിച്ചു...’താൻ എന്നെ ഉപദേശിക്കേണ്ട.. ഏറെ കളിച്ചാൽ ‘ഞാൻ ഇതിൽ മുക്കി തിന്നും’ ..! ഇപ്പോഴത്തെ ചില ആഭാസ സമര മുറകൾക്കായി ആഹ്വനം ചെയ്യുന്നവരെയും അതിനെ മഹത്വവത്കരിക്കുന്ന പു’രോഗ’മനക്കാരെയും കുറിച്ച് ഓർക്കുമ്പോൾ ഈ പഴയ ‘പ്രതികരണ’ക്കാരനെ വെറുതെ ഓർത്ത് പോയി.... പബ്ലിക്കായി ചുംബിച്ചതിനെതിരെ (അതിനു തന്നെയാണോ എന്തോ ) ഹോട്ടൽ തല്ലിതകർത്ത ഗുണ്ടായിസത്തിനെതിരാണത്രെ ഈ കോപ്പ്കൂട്ടൽ.. നെഞ്ചിനിടിച്ചാൽ നെഞ്ച് വിരിച്ച് തടുക്കുക എന്ന തത്വം. ഈ നിലക്ക് പോയാൽ നാളെ കടപ്പുറത്തും മൈതാനങ്ങളിലും .. ‘പ്രതീകാത്മാക‘മായ മറ്റു പലതും ഈ കോമാളികളിൽ നിന്നും പ്രതീക്ഷിക്കാം ..

Saturday, October 18, 2014

ആശ്വാസംനന്മകൾ പരിഹസിക്കപ്പെടുകയും തിന്മകൾ പ്രചരിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും  ചെയ്യുന്ന വർത്തമാനകാലത്ത്  പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നുവെങ്കിൽ  ആകുലരാകേണ്ടതില്ല മറിച്ച് ആശ്വാസപ്പെടുക  . നന്മയുടെ നാമ്പുകൾ മുഴുവൻ നമുക്കുള്ളിൽ വാടിപ്പോയില്ലെന്നതിന്റെ തെളിവാണാ പരിഹാ‍സത്തിനു ഹേതു !

Thursday, October 16, 2014

സൌഹൃദം

അതിരുകളില്ല്ലാത്ത സൌഹൃദം തേടിയലയുന്നവർ പക്ഷെ അയൽ വീട്ടിലെക്കുള്ള വഴിയടച്ച് മനസുകളിൽ കമ്പിവേലികൾ തീർക്കുന്നു.. ! കൈകുമ്പിളാൽ സൂര്യപ്രകാശം മറക്കാൻ ശ്രമിക്കുന്നവർ !!